
ഓള്ഫെന്: പടിഞ്ഞാറന് ജര്മ്മനിയിലെ നോര്ത്ത് റൈന്~വെസ്ററ്ഫാലിയ സംസ്ഥാനത്തെ വൃദ്ധസദനത്തിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തില് ഒരാള് കൊല്ലപ്പെടുകയും നിരവധി പേര്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. കോസ്ഫെല്ഡ് ജില്ലയിലെ ഓള്ഫെനിലുള്ള 'സെന്റ് വിറ്റസ് സ്ററിഫ്റ്റ്' കെയര് ഹോമിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആക്രമണം നടത്തിയ ഇതേ കെയര് ഹോമിലെ അന്തേവാസിയായ 72~കാരനെ പോലീസ് കസ്ററഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 8.39~ഓടെയാണ് സംഭവം. കെയര് ഹോമില് താമസിക്കുന്ന 72~കാരന് മറ്റ് നാല് പേരെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങള്. ആക്രമണത്തില് പരിക്കേറ്റവരില് ഒരാള് മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ അടിയന്തര രക്ഷാപ്രവര്ത്തനത്തിനായി എത്തിയ എയര് ആംബുലന്സില് (റെസ്ക്യൂ ഹെലികോപ്റ്റര്) മുന്സ്ററര് യൂണിവേഴ്സിറ്റി ക്ളിനിക്കിലേക്ക് മാറ്റി.
സംഭവത്തെ തുടര്ന്ന് രണ്ട് റെസ്ക്യൂ ഹെലികോപ്റ്ററുകളും നിരവധി ആംബുലന്സുകളും വന് പോലീസ് സേനയും കെയര് ഹോമിലേക്ക് പാഞ്ഞെത്തി വലിയ സന്നാഹത്തോടെയുള്ള രക്ഷാപ്രവര്ത്തനം നടത്തി. ആക്രമണത്തിന് ശേഷം സ്വന്തം മുറിയിലേക്ക് മടങ്ങിയ പ്രതിയെ പോലീസ് യാതൊരുവിധ ചെറുത്തുനില്പ്പുമില്ലാതെയാണ് കസ്ററഡിയിലെടുത്തത്.
ആക്രമണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില് പബ്ളിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ഇതുവരെ ഔദ്യോഗിക വിവരങ്ങള് വെളിപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അന്വേഷണം ഊര്ജ്ജിതമായി തുടരുകയാണെന്നും അധികൃതര് അറിയിച്ചു.

Comments: