പോലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍; കവാടങ്ങളില്‍ ബാരിക്കേഡുകള്‍
രാവിലെ തന്നെ സര്‍വകലാശാലാ ക്യാമ്പസിലെത്തിയ പ്രതിഷേധക്കാര്‍ മാലിന്യ കണ്ടെയ്നറുകളും നിര്‍മ്മാണ മേഖലകളിലെ ബാരിക്കേഡുകളും ഉപയോഗിച്ച് കെട്ടിടത്തിന്റെ പ്രവേശന കവാടങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു. പലസ്തീന് പതാകകള്‍ ഉയര്‍ത്തിയ സംഘം 'ഫ്രീ പലസ്തീന്' മുദ്രാവാക്യങ്ങള്‍ക്കൊപ്പം പോലീസിനെതിരെ രൂക്ഷമായ അസഭ്യവര്‍ഷവും (Bullenschweine) നടത്തി. പോലീസുകാരെ 'കൊലയാളികള്‍' എന്നും 'നുണയന്മാര്' എന്നും വിളിച്ചായിരുന്നു പ്രതിഷേധക്കാരുടെ ആക്രോശം.
സോഷ്യല്‍ മീഡിയ വഴിയാണ് പ്രതിഷേധത്തിനുള്ള ആഹ്വാനം നടന്നത്. കൂടുതല്‍ ആളുകള്‍ പ്രതിഷേധത്തില്‍ പങ്കുചേരുന്നത് തടയാന്‍ പോലീസ് പ്രതിഷേധക്കാരെ വളഞ്ഞ് സുരക്ഷാ വലയം തീര്‍ത്തു. ഇരുപതോളം പോലീസ് വാഹനങ്ങളിലായി എത്തിയ പ്രത്യേക സേനാംഗങ്ങള്‍ (BFE) ക്യാമ്പസില്‍ നിലയുറപ്പിച്ചു. ഇതിനിടെ ചില പ്രതിഷേധക്കാര്‍ പോലീസിനെ ചെറുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിഷേധക്കാരുടെ വാദവും ജൂത സ്കൂളിന്റെ സാമീപ്യവും
വിദ്യാഭ്യാസ മേഖലയ്ക്ക് പണം നല്‍കുന്നതിന് പകരം 'ഓരോ മൂന്നാമത്തെ യൂറോയും യുദ്ധ വ്യവസായത്തിലേക്ക് ഒഴുകുന്നു' എന്നാരോപിച്ചാണ് ഉപരോധം നടത്തിയതെന്ന് മുഖംമൂടി ധരിച്ച ഒരു പ്രതിഷേധക്കാരി വാര്‍ത്താ ഏജന്‍സിയായ ഡി.പി.എയോട് (dpa) പറഞ്ഞു. യൂറോപ്പിലുടനീളം നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ഈ പ്രതിഷേധത്തിന് കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മ്മനിയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മുന്‍കൂര്‍ അനുമതിയില്ലാതെ തുടങ്ങിയ പ്രതിഷേധം പിന്നീട് ഔദ്യോഗികമായി രജിസ്ററര്‍ ചെയ്യുകയായിരുന്നു.
പ്രതിഷേധം നടന്ന സ്ഥലത്തിന് കഷ്ടിച്ച് 200 മീറ്റര്‍ മാത്രം അകലെയാണ് ചരിത്രപ്രസിദ്ധമായ ജൂത സ്കൂളായ 'താല്‍മുഡ്~തോറ സ്കൂള്‍' (ഇപ്പോള്‍ ജോസഫ് കാര്ലെബാഹ് സ്കൂള്‍) സ്ഥിതി ചെയ്യുന്നത് എന്നതും സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു.
ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചു
രാവിലെ സര്‍വകലാശാലാ പരിസരത്തും അല്ലെന്ഡെപ്ളാറ്റ്സിലുമായി (Allendeplatz) മൂന്നോളം ചെറിയ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 11.40~ഓടെ പ്രതിഷേധക്കാര്‍ സ്വയം ഉപരോധം അവസാനിപ്പിക്കുകയും മുഖംമൂടികള്‍ അഴിച്ചുമാറ്റുകയും ചെയ്തു. പലസ്തീന് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി ക്യാമ്പസിലൂടെ നീങ്ങിയ സംഘത്തിലെ ചിലരുടെ വ്യക്തിഗത വിവരങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചയോടെ ക്യാമ്പസിലെ സ്ഥിതിഗതികള്‍ ശാന്തമായി.

Comments: