
കൊളോണ്‍: മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന് (MSOYA) യൂറോപ്പിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയിലെ കൊളോണില്‍ സംഘടിപ്പിച്ച "റിവൈവ് 26' (Revive ) യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു. ഒക്ടോബര്‍ 17, 18 തീയതികളിലായി നടന്ന സമ്മേളനത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന കോണ്‍ഫറന്‍സ് യുവജനങ്ങള്‍ക്ക് ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ സ്പര്‍ശിക്കുന്ന ദൈവിക അനുഭവമായി മാറി. ആധുനിക കാലത്തെ വെല്ലുവിളികള്‍ നിറഞ്ഞ തിരക്കേറിയ ദിനചര്യയില്‍നിന്ന് മാറി, സൗഹൃദത്തിനും കൂട്ടായ്മയ്ക്കും ഒത്തുചേരലിനും ദൈവിക അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും സത്യവിശ്വാസത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ഈ കോണ്‍ഫറന്‍സ് വേദിയായി.

യൂറോപ്പ് ഭദ്രാസനാധിപനും വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയും തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും MSOYA പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. മോര് തെയോഫിലോസ് കുര്യാക്കോസ് തിരുമേനിയുടെ നേതൃത്വത്തില്‍, യൂറോപ്പ് ഭദ്രാസനത്തിലെ വൈദികരുടെയും വിവിധ ഭാരവാഹികളുടെയും സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
""വെളിച്ചത്തില്‍ നടക്കുക'' (1 യോഹന്നാന് 1:7) എന്നതായിരുന്നു ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. വിഷയത്തെ ആസ്പദമാക്കി ബൈബിള്‍ ക്ളാസുകള്‍, വര്‍ക്ക്ഷോപ്പുകള്‍, പ്രഭാഷണങ്ങള്‍, ബെദ് ഗാസോ ആത്മീയ സന്ധ്യ, വിവിധ വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

കോണ്‍ഫറന്‍സിന്റെ ഒന്നാംദിനം നടന്ന ഉദ്ഘാടനച്ചടങ്ങില്‍ അഭിവന്ദ്യ ഡോ. മോര് തെയോഫിലോസ് കുര്യാക്കോസ് തിരുമേനി അധ്യക്ഷം വഹിച്ച് പ്രസംഗിച്ചു. ജര്‍മ്മനിയിലെ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര് ഫിലക്സിനോസ് മത്തിയാസ് നായിസ് ഉദ്ഘാടനപ്രസംഗം നടത്തി. MSOYA വൈസ് പ്രസിഡന്റ് ഫാ. രഞ്ചു എബ്രഹാം കുര്യന്, MSOYA യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോഷ്വാ റമ്പാച്ചന്, സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് സിറിയക് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ഗാബിയേല്‍ ദയാന് എന്നിവര്‍ സ്വാഗതം ആശംസിച്ചു.
കോണ്‍ഫറന്‍സിലെ വിവിധ ക്ളാസുകള്‍ക്ക് അഭിവന്ദ്യ ഡോ. മോര് തെയോഫിലോസ് കുര്യാക്കോസ് തിരുമേനിയും റവ. ഫാ. ജോഷ് റമ്പാച്ചനും നേതൃത്വം നല്കി. പരിശുദ്ധ സഭയിലെ വിശുദ്ധ കുര്ബാനയിലെയും വിശുദ്ധ കൂദാശകളിലെയും ശുശ്രൂഷകളിലെയും ഗാനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബെദ് ഗാസോ ആത്മീയ സന്ധ്യ എല്ലാവര്ക്കും ആത്മീയാനുഭവമായി. യൂറോപ്പ് ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നുള്ള ഗായകര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചത്.
സമാപനദിനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് യൂറോപ്പ് ഭദ്രാസനാധിപനും വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയും തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. മോര് തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ജര്‍മ്മനിയിലെ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര് ഫിലക്സിനോസ് മത്തിയാസ് നായിസും അഭിവന്ദ്യ മോര് യൂലിയോസ് ഹന്ന അയ്ദിന് മെത്രാപ്പോലീത്തയും സഹകാര്‍മികരായി. സുറിയാനിക്കാരും മലങ്കരയിലെ സുറിയാനി സഭാവിശ്വാസികളും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി 120 ഓളം യൂത്ത് അസ്സോസിയേഷന് അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. MSOYA സെക്രട്ടറി അബ്ളിന് പി. എല്‍സണ്‍, ജോയിന്റ് സെക്രട്ടറി അലീന തകച്ചന്‍, ട്രഷറര്‍ ഷോണ്‍ ജിയോ , കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്കി.

Comments: