2022ലെ കണക്കനുസരിച്ച് 1,18,095 ഇന്ത്യക്കാര്‍ക്കാണ് ക്യാനഡയില് പെര്‍മനന്റ് റെസിഡന്‍സ് അനുവദിച്ചത്. പെര്‍മനന്റ് റെസിഡന്‍സുള്ള 59,503 ഇന്ത്യക്കാര്‍ക്ക് അതേ വര്‍ഷം കനേഡിയന്‍ പൗരത്വവും ലഭിച്ചു. ആഗോള തലത്തില്‍ ഏഴാമത്തെ വലിയ ഇന്ത്യന്‍ സമൂഹമാണ് ക്യാനഡയിലുള്ളത്. ഉപരിപഠനത്തിനും ജോലിക്കും എല്ലാമായി ക്യാനഡയ്ക്കു പോയവരും പോകാന്‍ കാത്തിരിക്കുന്നവരുമായി മലയാളികളും വളരെയേറെ.
ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാനഡയ കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്ററഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ 85% കുറവാണുണ്ടായത്. നയതന്ത്ര സാഹചര്യം കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ക്യാനഡയിലേക്കു പോകാന്‍ മടിക്കും, വരാന്‍ തയാറാവുന്നവരെ സ്വീകരിക്കാന്‍ ക്യാനഡയും!
നിലവില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് ഏറ്റവും താത്പര്യം കാണിക്കുന്ന രാജ്യങ്ങള്‍ ക്യാനഡ, യുകെ, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ്. എന്നാല്‍, ഈ നാല് രാജ്യങ്ങളും സ്ററുഡന്റ് വിസയിലും പെര്‍മിറ്റുകളിലും പഠനാനന്തരമുള്ള ജോലി സാധ്യതകളിലുമെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജര്‍മനി, ജപ്പാന്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധ തിരിയുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ച് ജര്‍മനി, അയര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സിംഗപ്പൂര്‍, ജപ്പാന് എന്നീ രാജ്യങ്ങള്‍ ഉപരിപഠനത്തിനു തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നാല് വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഠനത്തിനു ശേഷം ജോലി ലഭിക്കാനുള്ള സാധ്യതകളും കൂടുതല്‍ വിദ്യാര്‍ഥികളെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.
ജര്‍മനി 18 മാസത്തെ പോസ്ററ് സ്ററഡി വര്‍ക്ക് വിസ അനുവദിക്കുന്നുണ്ട്. ജപ്പാന് ആകട്ടെ, നാട്ടുകാരായ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങുന്ന ട്യൂഷന് ഫീസ് മാത്രമേ വിദേശികളില്‍നിന്നും വാങ്ങുന്നുള്ളൂ. ഇതുകൂടാതെ, കരിയര്‍ സാധ്യതകളും പാര്‍ട്ട് ജോലി ചെയ്യാനുള്ള അനുമതിയും ഇവിടെയുണ്ട്.

Comments: