Today: 21 Oct 2020 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ സിനിമയുടെ 'ഏഴഴക്'' മണ്‍മറഞ്ഞു
Photo #1 - India - Cinema - actress_sredevi_tot
മുംബൈ:ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍സ്ററാര്‍ ശ്രീദേവി(54)യുടെ അപ്രതീക്ഷിത വേര്‍പാടില്‍ തേങ്ങി സിനിമാലോകം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. രണ്ടു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറു ഫിലിം ഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ആലിംഗനം, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, നാലുമണിപ്പൂക്കള്‍, ദേവരാഗം, കുമാരസംഭവം ഉള്പ്പെടെ 26 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഐ.വി.ശശി ചിത്രങ്ങളിലെ പ്രിയനായിക;
ഐവി ശശിയുടെ ചിത്രങ്ങള്‍ ഒട്ടു മിക്കവയും "അ" യിലാണ് തുടങ്ങുക. അതിലെ നായികയാവട്ടെ ശ്രീദേവിയും
ആലിംഗനം, അഭിനന്ദനം, അംഗീകാരം, ആശീര്‍വാദം, അന്തര്‍ദാഹം, ആ നിമിഷം, അകലെ ആകാശം... പേരു കേട്ടാലറിയാം, എല്ലാം ഐ.വി. ശശിപ്പടങ്ങള്‍. പക്ഷേ എത്ര പേര്‍ക്കറിയാം, ഇപ്പറഞ്ഞതെല്ലം ശ്രീദേവിപ്പടങ്ങളുമാണ്. ഇന്ത്യന്‍ സിനിമയില്‍ തെക്കുംവടക്കും ഒരുപോലെ തിളങ്ങി നിന്ന ആദ്യത്തെ സൂപ്പര്‍ നായികയെ ഏറ്റവും കൂടുതല്‍ സംവിധാനം ചെയ്തവരിലൊരാള്‍ ഐ.വി. ശശിയാണ്. ഐ.വി. ശശിയുടെ പത്തിലേറെ സിനിമകളില്‍ ശ്രീദേവി നായികയായിരുന്നു. 1976ല്‍ പുറത്തിറങ്ങിയ 'ആലിംഗന'മാണ് അതിലാദ്യത്തേത്. വിന്‍സന്റും രാഘവനും നായകന്മാര്‍. ആലപ്പി ഷരീഫിന്റെ തിരക്കഥ.
സംവിധായകന്‍ യാത്രയായി നാലു മാസങ്ങള്‍ പിന്നിപ്പോള്‍ പ്രിയ നായിക ശ്രീദേവിയും ഒപ്പം.

1978 ലാണു ശ്രീദേവി ഹിന്ദിസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സോള്‍വ സാവന്‍ ആയിരുന്നു ആദ്യ ചിത്രം. നാലു ദശാബ്ദത്തോളം സിനിമയില്‍ സജീവമായിരുന്ന ശ്രീദേവി വിവാഹത്തെത്തുടര്‍ന്ന് 15 വര്‍ഷത്തോളം അഭിനയരംഗത്തുനിന്നു വിട്ടുനിന്നു. 2012ല്‍ ഗൗരി ഷിന്‍ഡെയുടെ ഇംഗ്ളീഷ് വിംഗ്ളീഷ് എന്ന സിനിമയിലൂടെ തിരിച്ചു വന്നു. 2017ല്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം അഭിനയിച്ച മോം ആണ് അവസാന സിനിമ. ഫീമെയില്‍ അമിതാഭ് എന്നായിരുന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരനാണ് പ്രശസ്ത നടന്‍ അനില്‍ കപൂര്‍. ബോണിയുടെ ഇളയ സഹോദരനാണ് നടന്‍ സഞ്ജയ് കപൂര്‍.

ശ്രീദേവിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സോണിയഗാന്ധി, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ചലച്ചിത്രലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

നടികളിലെ സൂപ്പര്‍സ്ററാര്‍

1963 ഓഗസ്ററ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ജനിച്ചത്. 1967ല്‍ നാലാം വയസില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി ശ്രീദേവി അരങ്ങേറ്റം കുറിച്ചു.

1971ല്‍ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള കേരളസര്‍ക്കാരിന്റെ പുരസ്കാരം നേടി. 1976ല്‍ കെ. ബാലചന്ദറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മുണ്‍ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി നായികയായി
ഗാനങ്ങളിലെ റാണി

ഗാനരംഗങ്ങളിലെ അഭിനയമാണ് ശ്രീദേവിയെ ജനലക്ഷങ്ങള്‍ക്കു പ്രിയങ്കരിയാക്കിയതിനു പിന്നിലെ ഒരു പ്രധാന ഘടകം. ഭാവങ്ങളോരോന്നും അയത്നലളിതമായി അവരുടെ നോട്ടങ്ങളിലും ചിരിയിലും മിന്നി. അക്ഷരാര്‍ഥത്തില്‍ മായാജാലം. നോട്ടത്തെക്കുറിച്ചു പറയുന്പോള്‍ ഹിമ്മത് വാലയിലെ നേനോം മേ സപ്ന എന്ന പാട്ട് ആദ്യമോര്‍ക്കണം. ജിതേന്ദ്രയ്ക്കൊപ്പമുള്ള ആ നന്പര്‍ എണ്പതുകളില്‍ ഏറെക്കാലം ഹിറ്റ്ചാര്‍ട്ടില്‍ മുന്നില്‍നിന്നു. നാഗകന്യകയെന്ന സങ്കല്പത്തിന് ഹിന്ദി സിനിമയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. ശ്രീദേവിയുടെ നാഗിന എന്ന ചിത്രവും അതിലെ മേ നാഗിന്‍ തൂ സപേര എന്ന പാട്ടും സൂപ്പര്‍ഹിറ്റായി.

ഒരു ഷിഫോണ് സാരിയണിഞ്ഞ് കൈയില്‍ മൈക്രോഫോണുമായി പാടിയ പാട്ടാണ് ഹര്‍ കിസീ കോ നഹീ മില്‍ത്താ പ്യാര്‍ സിന്ദഗീ മേ.. ജാന്‍ബാസ് എന്ന ചിത്രത്തിനുവേണ്ടി കല്യാണ്ജി ആനന്ദ്ജി ഒരുക്കിയ ആ ഗാനം ശ്രീദേവിക്കു നേടിക്കൊടുത്ത സ്നേഹത്തിനും ആരാധനയ്ക്കും കണക്കില്ല. വെള്ളിത്തിരയെ സ്വര്‍ണക്കടലാക്കിയാണ് ബിജ്ലീ കീ റാണി എത്തിയത്. മിസ്ററര്‍ ഇന്ത്യ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ അതിനേക്കാള്‍ വലിയ ഹിറ്റായ ഹവാ ഹവായീ എന്ന ഗാനം. എണ്പതുകളുടെ അവസാനം കുട്ടികളായിരുന്നവര്‍പോലും ആ പാട്ട് ഇന്നുമോര്‍ക്കുന്നു. സിനിമാപ്രേമികളെ ഇളക്കിമറിച്ചാണ് ആ പാട്ടുമായി ശ്രീദേവി സ്ക്രീനില്‍ നിറഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച ഡാന്‍സ് പെര്‍ഫോമന്‍സായിരുന്നു അവര്‍ക്കത്.

ഒരിടവേളയ്ക്കുശേഷം അമിതാഭ് ബച്ചനൊപ്പം മടങ്ങിയെത്തിയ ബാദ്ഷാ എന്ന ചിത്രത്തിലെ പാട്ടുകളും സംഗീതപ്രേമികള്‍ ഹൃദയപൂര്‍വം സ്വീകരിച്ചു. തു നാ ജാ മേരേ ബാദ്ഷാ എന്ന പാട്ട് ദുഃഖഭരിതമായിരുന്നു. മുകുള്‍ ആനന്ദിന്റെ ചരിത്രാഖ്യായികയിലെ റോളിനും പാട്ടുകള്‍ക്കും ശ്രീദേവി അതിഗംഭീരമായ അഭിനയമുഹൂര്‍ത്തങ്ങളാണു സമ്മാനിച്ചത്.

അവരുടെ സ്വരം

നാല്പത്തൊന്പതാം വയസിലാണ് ശ്രീദേവി വീണ്ടും സിനിമയില്‍ മുഖംകാണിച്ചത് ഇംഗ്ളീഷ് വിംഗ്ളീഷ് എന്ന ചിത്രത്തിലൂടെ. ഗുസ്താഖ് ദില്‍ എന്ന പാട്ട് മനോഹരമായൊന്നായിരുന്നു. ജീവിതത്തില്‍ പലപ്പോഴുമെടുത്ത ദൃഢനിശ്ചയങ്ങളുടെ മുഖപ്രസാദം ശ്രീദേവി ഈ പാട്ടിനും നല്‍കി.
കണക്കെടുപ്പുകളില്‍ ഒതുങ്ങുന്നതല്ല പാട്ടുരംഗങ്ങളിലെ ശ്രീദേവിയുടെ മാസ്മരികാഭിനയ മുഹൂര്‍ത്തങ്ങള്‍. ലതാ മങ്കേഷ്കറായാലും ആഷാ ഭോസ്ളേ ആയാലും (മറ്റാരായാലും) ശ്രീദേവിക്കുവേണ്ടി പാടുന്പോള്‍ ഏറ്റവും അനുയോജ്യമായ സ്വരങ്ങളായി തോന്നിച്ചു.

എന്നാലും ഒരു പാട്ടിനെക്കുറിച്ചുകൂടി പറയണം. അതു പാടിയത് യേശുദാസാണ്. ഇളയരാജയുടെ ആദ്യത്തെ ഹിന്ദി ചിത്രമായ സദ്മയിലെ സുറുമൈ അഖിയോ മേ... അപാരമെന്നല്ലാതെ മറ്റൊരു വാക്കില്ല ശ്രീദേവിയുടെ അഭിനയത്തെ വിശേഷിപ്പിക്കാന്‍. തമിഴിലെ മൂണ്ട്രാം പിറൈയുടെ ഹിന്ദി റീമേക്കാണ് സദ്മ. അതിലെ കണ്ണേ കലൈമാനേ എന്ന താരാട്ടിന്റെ ഈണം മൂളിയാണ് അവസാനത്തെ ഉറക്കത്തിലേക്കു വഴുതിയ ശ്രീദേവിക്ക് ആരാധകര്‍ വിടനല്‍കുന്നത്.

അന്പത്തിനാലു വര്‍ഷമാണ് ശ്രീദേവി ഈ ഭൂമിയില്‍ ജീവിച്ചത്. അതില്‍ അന്പതു വര്‍ഷവും സിനിമാതാരമായി. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു താരത്തിനും ഈ ഭാഗ്യമുണ്ടായിട്ടില്ല എന്നു പറയാം. അത്രയേറെ സിനിമയുമായി ഇഴുകിച്ചേര്‍ന്ന ജീവിതം. ഒടുവില്‍ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങുന്പോള്‍ ഇന്ത്യന്‍ സിനിമ തന്നെ ഒരു നിമിഷം നിശ്ചലമായ അവസ്ഥ. അത്രമേല്‍ സ്വാധീനമാണ് ശ്രീദേവി എന്ന തമിഴ് ബ്രാപ്മണ പെണ്കുട്ടി ഈ രംഗത്തു നേടിയെടുത്തത്. എല്ലാം പടിപടിയായിരുന്നു. കഴിവും സൗന്ദര്യവും കഠിനാധ്വാനവും ചേര്‍ന്ന് നേടിയെടുത്ത വിജയത്തിന്റെ പടവുകള്‍. ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍സ്ററാര്‍ എന്ന വിശേഷണത്തിന് അവര്‍ അര്‍ഹയായെങ്കില്‍ അതിനു പിന്നില്‍ നിശ്ചയദാര്‍ഡ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകളാണുള്ളത്.

അമ്മയുടെ സ്വപ്നം

അമ്മ രാജേശ്വരിയുടെ പിന്തുണയും പ്രോത്സാഹനവുമാണ് ശ്രീദേവിയെ ഉയരങ്ങളിലെത്തിച്ചത്. സിനിമാനടിയാകുക എന്ന രാജേശ്വരിയുടെ സ്വപ്നം മകളിലൂടെ അവര്‍ നേടിയെടുക്കുകയായിരുന്നു. നാലാം വയസില്‍ തമിഴില്‍ ബാലതാരമായി തുടക്കം. തുണൈവന്‍ എന്ന ആ ചിത്രത്തിലെ ശ്രീദേവിയുടെ പ്രകടനം എല്ലാവരെയും അദ്ഭുതപ്പെടുത്തി. ആ സമയത്തു തന്നെ കുമാരസംഭവത്തിലൂടെ മലയാളത്തിലും ബാലതാരമായി അരങ്ങേറി. ഇപ്പോള്‍ യു ട്യൂബിലൂടെയും മറ്റും പുതിയ തലമുറ ബേബിശ്രീദേവിയുടെ പ്രകടനം കണ്ട് അദ്ഭുതപ്പെടുന്നു. ആദ്യത്തെ അഭിനയത്തെക്കുറിച്ചു തനിക്ക് പക്ഷേ യാതൊരു ഓര്‍മയും ഇല്ലെന്നു ശ്രീദേവി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

മലയാളത്തിലും

മലയാളത്തിലും തമിഴിലും ബാലതാരമായി നിറഞ്ഞുനിന്ന അവര്‍ പൂന്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിനു സംസ്ഥാന അവാര്‍ഡും നേടി. ബേബി ശ്രീദേവിയില്‍നിന്നു ശ്രീദേവിലെത്താനും അധികകാലം വേണ്ടി വന്നില്ല. 13ാം വയസില്‍ കെ.ബാലചന്ദര്‍ ശ്രീദേവിയെ നായികയാക്കി. രജനിയ്ക്കും കമലിനുമൊപ്പം മുണ്ട്ര് മുടിച്ച് എന്ന ചിത്രത്തില്‍. തുടര്‍ന്ന് ശ്രീദേവിക്കു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കമലിനും രജനിക്കുമൊപ്പം നിരവധി സിനിമകള്‍. മലയാളത്തിലും ഒട്ടേറെ സിനിമകളില്‍ നായികയായി.

എഴുപതുകളുടെ മധ്യത്തിലായിരുന്നു ശ്രീദേവി നായികയായ മലയാള ചിത്രങ്ങള്‍ എത്തിയത്. അഭിനന്ദനം, കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം, ആശിര്‍വാദം, ആ നിമിഷം തുടങ്ങി 26 മലയാള സിനിമകളില്‍ അവര്‍ വേഷമിട്ടു. സത്യവാന്‍ സാവിത്രി എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. നീണ്ട ഇടവേളക്കുശേഷം 1995ല്‍ ദേവരാഗത്തിലൂടെ അവര്‍ മലയാളത്തില്‍ തിരിച്ചെത്തി.

ബോളിവുഡിലേക്ക്

ദക്ഷിണേന്ത്യയില്‍നിന്ന് ഒരു നടി ബോളിവുഡിലെത്തുകയും അവിടെ താരസിംഹാസനം ഉറപ്പിക്കുകയും ചെയ്യുക അന്നും ഇന്നും ഏറെ ദുഷ്കരമായ കാര്യമാണ്. അവിടെയാണ് ശ്രീദേവി വിജയക്കൊടി പാറിച്ചത്. സിനിമാരംഗത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്നെ ഈ വിജയത്തിലെത്തിച്ചതെന്നു ശ്രീദേവി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നന്നേ ചെറിയ പ്രായത്തില്‍ ബോളിവുഡില്‍ കരിയറിനു തുടക്കമിടുന്പോള്‍ അവിടുത്തെ പൊളിറ്റിക്സോ സിനിമാ കള്‍ച്ചറോ ഒന്നും അവര്‍ക്കറിയാമായിരുന്നില്ല.

അച്ഛന്റെയും അമ്മയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമായിരുന്നു താനെന്നും ശ്രീദേവി പറയുന്നു. 1983ല്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്ത്വാലയാണ് ഹിന്ദിയില്‍ ശ്രീദേവിയുടെ തേരോട്ടത്തിനു തുടക്കമായത്. ആദ്യ ചിത്രത്തിലൂടെതന്നെ ഏറെ ആരാധകരെ നേടി. ശ്രീദേവി എന്ന ദക്ഷിണേന്ത്യന്‍ പെണ്കുട്ടിയുടെ പുറകേ ആയി ബോളിവുഡ്. അതിനു മുന്പ് അത്തരമൊരു കീഴ്വഴക്കം ഇല്ലാതിരുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ അതിനെല്ലാം അപ്പുറമുള്ള ഒരു കരിസ്മയാണ് ശ്രീദേവി നേടിയെടുത്തത്.

നായകകേന്ദ്രീകൃതമായ ഹിന്ദി സിനിമയില്‍ ശ്രീദേവി നേടിയത് ലേഡി സൂപ്പര്‍ സ്ററാര്‍ പദവി തന്നെയായിരുന്നു. ശ്രീദേവിക്കു വേണ്ടിയുള്ള കഥകള്‍, അവരുടെ ഡേറ്റിനായി ക്യൂ നില്‍ക്കുന്ന നിര്‍മാതാക്കള്‍, അത്തരമൊരു കാഴ്ചയായിരുന്നു ബോളിവുഡ് ദര്‍ശിച്ചത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വലംവയ്ക്കുന്ന സിനിമയില്‍, അതു ദക്ഷിണേന്ത്യയിലാണെങ്കിലും ബോളിവുഡിലാണെങ്കിലും നായികയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നു ശ്രീദേവി തെളിയിച്ചു.

കേവലം ഗ്ളാമറിനും മേനി പ്രദര്‍ശനത്തിനുമപ്പുറം വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍. അവരുടെ ശരീരഭാഷയ്ക്കും നൃത്തത്തിനുമെല്ലാ മുണ്ടായിരുന്ന ആ ചടുലത അത് ഇന്ത്യന്‍ സിനിമയിലെ മറ്റൊരു നായികയ്ക്കും അവകാശപ്പെടാനാവില്ല. തമിഴില്‍ കമലാഹസനും രജനീകാന്തിനുമൊപ്പം നിറഞ്ഞാടിയപ്പോള്‍ ബോളിവുഡില്‍ അമിതാഭ്ബച്ചന്‍ മുതലിങ്ങോട്ട് വന്‍ താരങ്ങളുടെ നായികയായി. അപ്പോഴും നായകന്റെ നിഴലായി ഒതുങ്ങുന്നതായിരുന്നില്ല അവരുടെ പ്രകടനം. മിസ്ററര്‍ ഇന്ത്യയും നാഗിനയും പോലുള്ള ചിത്രങ്ങളിലൂടെ ശ്രീദേവി നേടിയ പ്രശസ്തിയും തരംഗവും ബോളിവുഡിനു മറക്കാനാവില്ല.

മങ്ങാത്ത താരപദവി

ബാലതാരമായതു മുതല്‍ മരിക്കുന്നതു വരെ തന്റെ താരപദവി കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതാണ് ശ്രീദേവിയുടെ ഏറ്റവും വലിയ നേട്ടം. തൊണ്ണൂറുകളുടെ മധ്യത്തില്‍ നിര്‍മാതാവ് ബോണികപൂറിനെ വിവാഹം കഴിച്ചു രംഗത്തു നിന്നു മാറി നിന്നപ്പോഴും ശ്രീദേവിയുടെ താരപദവിക്ക് കോട്ടം തട്ടിയില്ല. അത്രമേല്‍ സ്വാധീനമാണ് അവര്‍ ഹിന്ദിസിനിമയില്‍ നേടിയെടുത്തത്. സിനിമയില്‍നിന്നു മാറി നിന്നെങ്കിലും ഭര്‍ത്താവിനൊപ്പം സിനിമാ ചടങ്ങുകളിലും മറ്റും സജീവമായി അവര്‍ പങ്കെടുത്തു. ഒപ്പം രണ്ടു പെണ്മക്കളുടെ അമ്മ എന്ന ഉത്തരവാദിത്തവും അവര്‍ ഭംഗിയായി നിറവേറ്റി. നീണ്ട ഇടവേളയ്ക്കു ശേഷം 2012ല്‍ ഇംഗ്ളീഷ് വിംഗ്ളീഷ് എന്ന ചിത്രത്തിലൂടെ അവര്‍ തിരിച്ചുവന്നതും ലേഡി സൂപ്പര്‍സ്ററാര്‍ എന്ന പദവിയുടെ പ്രൗഢിയോടുകൂടെ തന്നെയായിരുന്നു. വന്‍ വിജയമാണ് ചിത്രം നേടിയത്.

വന്നവഴി മറക്കാതെ

മലയാളത്തിലും തമിഴിലും ബാലതാരമായി തുടങ്ങിയ കരിയര്‍ ബോളിവുഡിലെ താരറാണിപ്പട്ടത്തിലെത്തിയപ്പോളും അവര്‍ വന്ന വഴി മറന്നില്ല. മുംബൈ നഗരത്തിന്റെ ഭാഗമായി ഉത്തരേന്ത്യക്കാരിയായി ജീവിച്ചപ്പോഴും മലയാളത്തിലെ ആദ്യകാല സിനിമാ കരിയര്‍ അവര്‍ മറന്നില്ല. മലയാളവും തമിഴും തനിക്കിപ്പോഴും പ്രിയപ്പെട്ടതാണെന്നും മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞിരുന്നു. എഴുപതുകളുടെ മധ്യത്തിലെ ബ്ളാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ നായികാവേഷങ്ങളെക്കുറിച്ചും അവര്‍ പലപ്പോഴും ഓര്‍മകള്‍ പങ്കുവച്ചിട്ടുണ്ട്.

സ്വപ്നം ബാക്കിയാക്കി

ഒരു വലിയ സ്വപ്നം ബാക്കിയാക്കിയാണ് ശ്രീദേവി മടങ്ങുന്നത്. മകള്‍ ജാന്‍വിയുടെ സിനിമാപ്രവേശനം കുറച്ചുനാളായി ബോളിവുഡിലെ പ്രധാന ചര്‍ച്ചയായിരുന്നു. മകളുടെ ആദ്യ ചിത്രമായ ധടകിന്റെ റിലീസിനു കാത്തിരിക്കാതെയാണ് അവര്‍ യാത്രയാകുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ സിനിമയെക്കുറിച്ചു ശ്രീദേവിക്ക് ഏറെ പ്രതീക്ഷകളാണുണ്ടായിരുന്നത്. അപ്രതീക്ഷിതമായുണ്ടായ അവരുടെ വിയോഗദുഃഖത്തില്‍നിന്ന് ഇന്ത്യന്‍ സിനിമ ഇനിയും വിമുക്തമായിട്ടില്ല. അത്രമേല്‍ സ്വാധീനമാണു ശ്രീദേവി എന്ന മൂന്നക്ഷരം ഇന്ത്യന്‍ സിനിമയില്‍ ചെലുത്തിയത്. പുരുഷകേന്ദ്രീകൃതമായ സിനിമാമേഖലയില്‍ ഒരു വനിത നേടിയെടുത്ത ഈ വിജയം ആര്‍ക്കും വിസ്മരിക്കാനാവില്ല.

ഹൃദയാഘാതത്തെത്തുടര്‍ന്നു ശനിയാഴ്ച രാത്രി ദുബായിലായിരുന്നു അന്ത്യം. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.

ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാല്‍ മൂത്ത മകള്‍ ജാന്‍വി ദുബായിക്കു പോയിരുന്നില്ല. ബന്ധുവും നടനുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണു താരകു ടുംബം ദുബായിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍ ദുബായ് റഷീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഇന്നലെ ഇന്ത്യയിലെത്തിക്കാനായില്ല. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണു കാരണം. മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. സംസ്കാരച്ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. മുംബൈയിലെ ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്.
- dated 25 Feb 2018


Comments:
Keywords: India - Cinema - actress_sredevi_tot India - Cinema - actress_sredevi_tot,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us