Advertisements
|
ഓര്‍മകളുടെ ഉല്ലാസപ്പൂത്തിരികള്ക്ക് 29 വര്‍ഷം
പ്രത്യേക ലേഖകന്‍
അങ്ങാടിയിലെ ബാബു ഇംഗ്ളീഷ് പറയുമ്പോള്‍, തിയേറ്ററില്‍ നിറഞ്ഞ കൈയടിയായിരുന്നു. ശരപഞ്ജരത്തിലെ കുതിരക്കാരന് ശേഖരനെ കണ്ടപ്പോള്‍ ഇരുട്ടില്‍ ഉയര്‍ന്ന ആരവങ്ങളില്‍ നിറഞ്ഞത് ആവേശമായിരുന്നു. നിറയൗവനത്തിന്റെ ഉശിരിലുണര്ന്ന നിശ്വാസങ്ങളായിരുന്നു. അഭ്രപാളിയില്‍ ആവേശത്തിരകളുയര്‍ത്തി എഴുപതുകളും എണ്‍പതുകളും. അരോഗ്യവും ആകാരവടിവുമുള്ള ശരീരവുമായി ജയന് വന്നതു മലയാളിയുടെ മനസിലേക്ക്. മരണശേഷവും ആരാധകന്റെ മനസില്‍ നിന്നു മടങ്ങിപ്പോയില്ല ഈ നടന്. ജയന് വിടവാങ്ങിയിട്ട് ഇരുപത്തൊന്പതു വര്‍ഷം കഴിയുമ്പോഴും, ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.
ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായ കൃഷ്ണന് നായര്‍ക്ക്, അഭിനയം എന്നുമൊരു അഭിനിവേശമായിരുന്നു. പതിനാറു വര്‍ഷത്തെ നേവി ജീവിതത്തിനിടെ കൃഷ്ണന്‍നായര്‍, നാടകങ്ങളിലൂടെ അഭിനയപാടവമറിയിച്ചു. സുഹൃത്തുക്കള്‍ കൃഷ്ണന് നായരുടെയുള്ളില് സിനിമയെന്ന മോഹമുദിപ്പിച്ചു. 1974ല്‍ ശാപമോക്ഷത്തിലൂടെ കൃഷ്ണന്‍നായര്‍, ജയന് എന്ന പേരില്‍ സ്ക്രീനിലേക്ക്, ഒരു താരോദയം. എഴുപതുകളും എണ്‍പതുകളും പിന്നീടിങ്ങോട്ടു വന്ന തലമുറകളും ആവേശത്തോടെ സ്വീകരിച്ച ജയന് എന്ന സിനിമാനടന്റെ പിറവി.
മരംചുറ്റി പ്രണയത്തിന്റെയും മെലോഡ്രാമയുടെയും സ്ഥിരം ചേരുവകളില്‍ നിന്നു മാറി, ജയനു മാത്രമായി ആക്ക്ഷന്‍ സിനിമകള്‍ പിറന്നു. മൂന്നു നാലു ബട്ടന്‍സ് അഴിച്ചിട്ട ഷര്‍ട്ടും, ബെല്‍ബോട്ടം പാന്റും മുഴങ്ങുന്ന ശബ്ദവും അനുകരിക്കാന്‍ ഒരുപാടു പേരുണ്ടായി. കാലം മാറി മറയുമ്പോഴും സിനിമാപ്രേമികള്‍ ഓര്‍ത്തുവച്ച ഡയലോഗുകള്‍, മിമിക്രിക്കാര് അനുകരിച്ച സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും..
കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും ജയനെ മനസുകളില്‍ സജീവമായി നിലനിര്‍ത്തിയതിന് ഒരു പരിധി വരെ കാരണം മിമിക്രിയാണ്, ചിലപ്പോള്‍ വികൃതമായ അനുകരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി. മരണമടഞ്ഞു കാലങ്ങള്‍ക്കു ശേഷം, തൊണ്ണൂറുകളുടെ അന്ത്യത്തില്‍, ജയന്തരംഗം തന്നെയുണ്ടായി. ബെല്‍ബോട്ടം പാന്റും, വിവിധ കളറുകളിലുള്ള ഷര്‍ട്ടുകളും ഫാഷനായി. ജയനെ കഥാപാത്രമാക്കി സിനിമകള്‍, ടിവി പരിപാടികള്‍ എന്നിവയാക്കെ വീണ്ടും മലയാളി കണ്ടു. ജയന് മരിക്കുമ്പോള്‍, ജനിച്ചിട്ടില്ലായിരുന്ന കുട്ടികള്‍ വരെ ആ സംഭാഷണശൈലി അനുകരിക്കുന്നതും മലയാളി കൗതുകത്തോടെ കേട്ടു. അപ്പോഴും ഒരു തലമുറയുടെ മനസില്‍ ആരാധനയോടെ, ആവേശമുണര്‍ത്തുന്ന ഓര്‍മകളുമായി ജയനുണ്ടായിരുന്നു. ശരപഞ്ജരവും അങ്ങാടിയും കരിമ്പനയും അറിയപ്പെടാത്ത രഹസ്യവും മൂര്‍ഖനും ബെന്‍സ് വാസുവുമൊക്കെ കണ്ടാസ്വദി ച്ച തലമുറ.
1980 നവംബര്‍ 16. മലയാള സിനിമാലോകവും, ആരാധകരും മറക്കാനാഗ്രഹിക്കുന്ന ദിവസം. കോളിളക്കമെന്ന ചിത്രത്തിന്റെ സ്ററണ്ട് സീനിനിടെ, അഭിനയത്തിന്റെ പൂര്‍ണതക്കു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹത്തില്‍, ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന് മരണമടയുന്നു. മലയാളസിനിമയിലെ ആവേശമുതിര്ത്ത ഇതിഹാസത്തിന്റെ അന്ത്യം അവിശ്വസനീയതയോടെയാണു മലയാളികള്‍ കേട്ടത്. മദ്രാസിലും കേരളത്തിലും അണമുറിയാത്ത ജനപ്രവാഹമായിരുന്നു, ജയനെ അവസാനമായി കാണാനെത്തിയവര്‍.
പിന്നീടിങ്ങോട്ട് എത്രയോ സിനിമാതാരങ്ങള്‍ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു. ഓരോ നവംബര്‍ പതിനാറിനും, ജയന് ഓര്മകളിലേക്കെത്തുന്നു. ജയന് സ്മരണകള്‍ പൂത്തുനിറയുന്നു. കാലമെത്ര കഴിഞ്ഞാലും, ആ ശബ്ദവും രൂപഭാവങ്ങളും മലയാളിയുടെ മനസിലുണ്ടാകും, ഒരിക്കലും മായാതെ. . .മങ്ങാതെ ...
|
|
- dated 16 Nov 2009
|
|
Comments:
Keywords: India - Samakaalikam - jayan India - Samakaalikam - jayan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|