ന്യൂയോര്‍ക്ക്: ഹോളിവുഡ് നടനും ഓസ്കര്‍ ജേതാവുമായ ജീന്‍ ഹാക്ക്മാനെയും (95) ഭാര്യ ബെറ്റ്സി അരക്കോവയെയും (63) മരിച്ച നിലയില്‍ കണ്ടെത്തി. അമെരിക്കയിലെ ന്യൂ മെക്സിക്കോയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം വളര്‍ത്തുനായയെയും മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ദമ്പതിമാരുടെ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നൂറിലേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച നടനാണ് ജീന്‍ ഹാക്ക്മാന്‍. 1971ലെ 'ദി ഫ്രഞ്ച് കണക്ഷന്‍' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഓസ്കര്‍ പുരസ്കാരവും 1992ല്‍ മികച്ച സഹനടനുള്ള ഓസ്കര്‍ പുരസ്ക്കാരവും ജീന്‍ ഹാക്ക്മാന്‍ സ്വന്തമാക്കി. കൂടാതെ നാല് ഗോള്‍ഡന്‍ ഗ്ളോബ്, സ്ക്രീന്‍ ആക്ടേഴ്സ് പുരസ്കാരം എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ജീന്‍ സ്വന്തമാക്കിയിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ 'വെല്‍ക്കം ടൂ മൂസ്പോര്‍ട്ട്' ആണ് അവസാനമായി അഭിനയിച്ച ചിത്രം.
Comments: